കാര്‍ ഷെഡ്ഡൂ് ഉണ്ടാക്കലും ഗേറ്റ് പുതുക്കി പണിയലും ഒക്കെ മുറയ്ക്ക് നടന്നു. അച്ഛന്‍ ഡ്രൈവേര്‍സ് ലൈസെന്‍സ് എടുത്തു പതുക്കെ വണ്ടി ഓടിച്ചും തുടങ്ങി..പത്തോ ഇരുപതോ കി.മി. /മണിക്കൂറില്‍ കൂടുതല്‍ സ്പീഡ് കൂടില്ല എന്ന് മാത്രം!
നാട്ടില്‍ ചെന്നാല്‍ ഒരു കാര്‍ വീട്ടുമുറ്റത്തുണ്ട് എന്ന് സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസം. വര്ഷങ്ങ്ള്‍ക്കു മുന്‍പ് ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാമന്‍ പ്രീമിയര്‍ പദ്മിനി വാങ്ങിയതും അതോടിച്ചു നാട്ടില്‍ വന്നതും ഒക്കെ ഓര്‍ത്തു പോകുന്നു. അതായിരുന്നു എന്നു തോന്നുന്നു ഞങ്ങളുടെ ഏറ്റവും ആദ്യത്തെ സ്വകാര്യ കാര്‍ അനുഭവം! അതില്‍ ചെറിയ ഒരു സവാരിയും അന്ന് തരപ്പെട്ടു. എന്നാലും, കാറിന്റെ വാതില്‍ തുറക്കുക, അടക്കുക എന്നീ വക കാര്യങ്ങളിലൊന്നും പ്രാവീണ്യം നേടാന്‍ സധിച്ചിട്ടുണ്ടയിരുന്നില്ല. കുറെ കൊല്ലങ്ങള്‍ക്കു ശേഷം ഒരു സഹപാഠി കോളേജിലേക്കുള്ള വഴിക്ക് വെച്ച് എനിക്ക് ലിഫ്റ്റ് തരാന്‍ തുനിഞ്ഞു.. ബസ് കാത്തു നില്‍കുന്ന എന്റെ മുന്‍പില്‍ ഒരു പച്ച മാരുതി കാര്‍ (800 ആണെന്ന് തോന്നുന്നു; അന്ന് അതൊന്നും അറിഞ്ഞിരുന്നില്ല) വന്നു നിന്നു. ആ കുട്ടിയെ അച്ഛന്‍ കൊണ്ട് വിടുകയാണ്.. , കേറുന്നോ എന്ന് ചോദിച്ചു. കേറാതെ പറ്റുമോ? പക്ഷെ എങ്ങിനെ വാതില്‍ തുറക്കും? അംബാസിഡര്‍ ആണെന്കില്‍ ഹാന്‍ഡില്‍ പുറത്തു കാണാം. എന്തായാലും ഒരു ചെറിയ പൊത്ത് മാതിരി കാണുന്ന ഭാഗത്ത് പിടിച്ചമര്‍ത്തി; ഭാഗ്യത്തിന്, വാതില്‍ തുറന്നു. എന്റെ വിവരക്കേട്പ്രദര്‍ശിപിക്കാതെ ഉള്ളില്‍ കേറിക്കൂടാന്‍ പറ്റി. കോളേജില്‍ എത്തി; ഇറങ്ങാന്‍ പുറപ്പെട്ടപ്പോള്‍ എന്റെ വിവരമില്ലായ്മ പുറത്തായി. അതിബുദ്ധി ഉപയോഗിച്ച് ചെറിയ ഒരു കുറ്റി മാതിരി, വാതിലിന്മേല്‍ കണ്ട വസ്തുവിനെ ഞെക്കാനും തിരിക്കാനും ഒക്കെ വൃഥാ ശ്രമിച്ചു. അവസാനം സുഹൃത്ത് മുന്‍ സീറ്റില്‍ നിന്ന് കൈ നീട്ടി തുറന്നു തരേണ്ടി വന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. ഇതൊക്കെയാണ് എന്റെ ആദ്യ കാല കാര്‍ അനുഭവങ്ങള്‍. അപ്പോള്‍ പിന്നെ വീട്ടില്‍ ഒരു കാറ് ഉണ്ട് എന്നതില്‍ കുറച്ചൊരു സന്തോഷം ഇല്ലാതില്ല. അച്ഛനും അമ്മയ്ക്കും ബസില്‍ തൂങ്ങി പിടിക്കാതെ അടുത്തൊക്കെ സഞ്ചരിക്കാം എന്നതിലും ആശ്വാസമുണ്ട്.
എന്നാലും ഒരു "പക്ഷെ"; എല്ലാവര്‍ക്കും കാര്‍ എന്നതാകണോ നമ്മുടെ ലക്‌ഷ്യം? അതിനു നമുക്ക് റോഡുകളുണ്ടോ? റോഡുകളുണ്ടാക്കാന്‍ സ്ഥലമുണ്ടോ? നാനോ മാതിരി ചെറിയ കാറുകള്‍ വിപണിയിലെത്തിച്ചു സാധാരണക്കാരെ പ്രലോഭിപ്പിക്കുന്നത് ശരിയാണൊ? അന്തരീക്ഷ മലിനീകരണം, ആഗോളതാപനം എന്നിവയൊക്കെ നിയന്ത്രിക്കാന്‍ നമുക്ക് പദ്ധതികളുണ്ടോ? അതെ സമയം എന്റെ അച്ഛനമ്മമാരെപ്പോലെ നിരവധി മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ ഒരു നാല്‍ചക്ര വാഹനത്തിന്റെ സുഖസൌകര്യങ്ങള്‍ ജീവിതത്തിലാദ്യമായി ആസ്വദിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഇവരുടെ സന്തോഷവും സ്വാതന്ത്ര്യവും അപഹരിക്കാന്‍ പറ്റുമോ?
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ പൊതുവെ നമ്മള്‍ പറയുക ഇതാണ്: "പാശ്ചാത്യ രാജ്യങ്ങള്‍ industrial revolution ന്റെ ഫലമായി ഉണ്ടായ സൗകര്യങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്നു. ഇപ്പോള്‍ വികസ്വര രാജ്യങ്ങളില്‍ അതിന്റെ ഫലങ്ങള്‍ എത്തി വരുമ്പോള്‍, അവര്‍ പരിസ്ഥിതി, മലിനീകരണം എന്നൊക്കെ പറഞ്ഞു തടസ്സം നില്ക്കുന്നു. ഇതു ന്യായമല്ല. ഞങ്ങളും ഒന്നു വളരട്ടെ, നിങ്ങള്‍ ഒരു കാലത്ത് കുറെ പുകച്ചില്ലേ , ഇതു ഞങ്ങളുടെ ഊഴമാണ്". ഒന്നിരുന്നു ചിന്തിച്ചാല്‍, ഇതല്പം ബാലിശമല്ലേ? ഒരു വഴിയില്‍ക്കൂടി പോയ ഒരാള്‍, ഈ വഴി ദുര്‍ഘടം പിടിച്ചതാണെന്ന് കാണിച്ചു തരുമ്പോള്‍അത് മനസ്സിലാക്കി പുതിയ വഴി വെട്ടിതെളിക്കുകയല്ലേ വേണ്ടത്, അതോ, ഞാനും ഒന്നു പോയി നോക്കട്ടെ എന്ന് പറഞ്ഞു ഇറങ്ങിത്തിരിക്കുകയാണോ?
ഇന്ത്യ വളരുന്നു, ഷോപ്പിംഗ് മാളുകളും കാറുകളും ദിനം പ്രതി പെരുകുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ തുള്ളിച്ചാടാന്‍ തോന്നാറുണ്ട്. എങ്കിലും എവിടെയോ ഒരു പക്ഷെ.. അതുതന്നെയാണ് അച്ഛന്‍, കാര്‍ വാങ്ങി എന്ന് പറഞ്ഞപ്പോളും തോന്നിയത്.
0 comments:
Post a Comment